സമരാഗ്‌നി വേദിയിൽ പേരുമാറി അമളി; സുധാകരനു പകരം സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

news image
Feb 24, 2024, 2:45 pm GMT+0000 payyolionline.in

പത്തനംതിട്ട∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥയ്ക്കിടെ, കെ.സുധാകരനു പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺഗ്രസ് നേതാവ് ആന്റോ ആന്റണി. സമരാഗ്‌നി ജാഥയ്ക്കു പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയാണു പത്തനംതിട്ട എംപി കൂടിയായ ആന്റോ ആന്റണിക്കു പേരു മാറിപ്പോയത്.

കെപിസിസി പ്രസിഡന്റ് എന്നു കൃത്യമായി പറഞ്ഞെങ്കിലും പേരു പറഞ്ഞപ്പോൾ കെ.സുധാകരനു പകരം കെ.സുരേന്ദ്രൻ എന്നായിപ്പോവുകയായിരുന്നു. അമളി മനസ്സിലാക്കിയ ആന്റോ ആന്റണി ഉടൻതന്നെ തിരുത്തുകയും ചെയ്തു.

‘‘സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ…’’ എന്നായിരുന്നു ആന്റോ ആന്റണിയുടെ സ്വാഗത വാക്കുകൾ. ഉടൻ തന്നെ അമളി മനസ്സിലാക്കി സുധാകരൻ ഉൾപ്പെടെ ഇരിക്കുന്ന വേദിയിലേക്കു തിരിഞ്ഞുനോക്കിയ ശേഷം ‘കെ.സുധാകരൻ അവർകളേ…’ എന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു.

ജനുവരി 21നു കാസർകോട്ടുനിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് പത്തനംതിട്ട ജില്ലയിൽ എത്തിയത്. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തുന്നുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe