സംസ്ഥാനത്ത് അതിശക്തമായ മഴ: ആശുപത്രികളിലും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയിലും വെള്ളം കയറി

news image
May 23, 2024, 4:14 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. തൃശ്ശൂരിലും അതിശക്തമായ ഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.

കനത്ത മഴയിൽ കോഴിക്കോട് പന്തീരാങ്കാവ് കൊടൽ നടക്കാവ് ദേശീയപാത സർവീസ് റോഡ് തകർന്നു. ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. സുരേഷ് എന്ന തൊഴിലാളി താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. ആർക്കും പരിക്കില്ല. തൃശ്ശൂർ ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തു.

കൊച്ചിയിൽ വീണ്ടും കനത്ത മഴ തുടരുകയാണ്. വിവിധ റോഡുകളിൽ വെള്ളം കയറി തുടങ്ങി. കലൂർ ആസാദ് റോഡിൽ വെള്ളക്കെട്ട് ഉണ്ട്. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം അടർന്ന് വീണു. അപകടത്തിൽ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പാലക്കാട് കല്ലടിക്കോട് ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. വീടിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല. കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ വീടാണ് കത്തി നശിച്ചത്. വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മീൻപിടിത്തത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe