എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് വി ഡി സതീശന്റെ ലക്ഷ്യം: ഇപി

news image
Jan 15, 2024, 12:47 pm GMT+0000 payyolionline.in

തിരുവനന്തപുരം> കേരളം നേടിയിട്ടുള്ള ഒരു വികസന കാര്യത്തിലും പ്രതിപക്ഷ നേതാവിന്റെ സഹായമോ പിന്തുണയോ ഉണ്ടായില്ലെന്ന് ഇപി ജയരാജന്‍. എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഇപി പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വലിയ സാമ്പത്തിക പ്രശ്‌നവും പ്രയാസവുമാണ് പ്രളയവും കോവിഡുമൊക്കെ ഉണ്ടാക്കിയത്. അക്കാലത്ത്, വിദേശ രാജ്യത്ത് നിന്നും പ്രവാസികളും ജനങ്ങളും ചില സര്‍ക്കാരും കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വരികയുണ്ടായി. എന്നാല്‍ ആ സാമ്പത്തിക സഹായം ലഭ്യമാക്കാതിരിക്കാന്‍ ഇന്ത്യക്ക് അകത്തും പുറത്തും പ്രചാരവേല നടത്തിയ പ്രതിപക്ഷമാണ് ഇവിടെയുള്ളത്.

സാലറി ചലഞ്ചിനെതിരായി കോണ്‍ഗ്രസിന്റെ  എന്‍ജിഒ അധ്യാപക സംഘടനകള്‍  സര്‍ക്കുലറുമായി വീടുകളില്‍ ചെന്ന് കേരളത്തെ സഹായിക്കരുത്, കേരളം കരകയറരുത് എന്ന ലക്ഷ്യം വച്ച് സര്‍ക്കുലര്‍ കത്തിക്കുന്ന സ്ഥിതിയാണുണ്ടായത്. അതിന്റെ നേതാവാണ് വിഡി സതീശന്‍-  ഇപി പറഞ്ഞു

സതീശന്‍ നടത്തുന്ന നടപടിയുടെ തുടര്‍ച്ചയാണ് കെ ഫോണിനെതിരെയുള്ളതും.പാവപ്പെട്ടവര്‍ക്കുള്ള സഹായമായ ബൃഹത്തായ പദ്ധതിയായിരുന്നു കെ ഫോണ്‍. അതിന്റെ തുടക്കം മുതല്‍ അതിനെതിരായ പ്രചാര വേല നടത്തി. പക്ഷെ കേരളം അതുമായി മുന്നോട്ടുപോയി. കെ ഫോണ്‍ യാഥാര്‍ഥ്യമായി.

എന്നാല്‍ ഇപ്പോള്‍ അതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.കെ ഫോണിനെതിരായി കോടതിയെ സമീപിച്ച് എല്ലാം സിബിഐ അന്വേഷിക്കണമെന്ന് പറയുന്നു. എന്നാല്‍, 2019ല്‍ തുടങ്ങിയപദ്ധതി എന്തിന് 2024ല്‍ ചോദ്യം ചെയ്യുന്നു എന്നാണ് കോടതി ചോദിച്ചത്.

സിഎജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവ് ഹാജരാക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോട്  എന്നാല്‍ അത് ലഭിച്ചിട്ട് വന്നാല്‍ പോരേ എന്നും കോടതി ചോദിച്ചു.

ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് കോടതി പറഞ്ഞത്. ഇത്തരത്തില്‍ കേരളത്തിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ  കേരളതാല്‍പര്യം സംരക്ഷിക്കാന്‍ ജനം മുന്നോട്ടുവരണമെന്നും ഇപി  വ്യക്തമാക്കി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe