ലോക കേരളസഭയില്‍ പങ്കെടുക്കില്ല: എം എ യൂസഫലി

news image
Jun 14, 2024, 2:07 pm GMT+0000 payyolionline.in

അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈത്ത് അഗ്നിബാധയിൽ ഉണ്ടായത്.  മരിച്ച 49 പേരിൽ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് ഗ്രൂപ്പ് അറിയിച്ചു. നോർക്ക വഴിയായിരിക്കും ധനസഹായം നൽകുക.

അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകുമെന്ന് എംഎ യൂസഫലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി അറിയിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe