കൊച്ചി: റിസർവ് ബാങ്കിന്റെ 2024–-25 സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണനയം വെള്ളി രാവിലെ 10ന് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. കേന്ദ്രസർക്കാർ കാലാവധി നീട്ടിനൽകിയില്ലെങ്കിൽ ശക്തികാന്ത ദാസ് അവതരിപ്പിക്കുന്ന അവസാനത്തെ പണനയമാകും ഇത്. ഇദ്ദേഹത്തിന്റെ പ്രവർത്തന കാലാവധി 10ന് അവസാനിക്കും.
അടിസ്ഥാന പലിശനിരക്ക് (റിപ്പോ) കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും രാജ്യത്ത് ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റത്തോത് ഉയർന്നുനിൽക്കുകയാണ്. അതിനാൽ റിസർവ് ബാങ്ക് ഇത്തവണയും റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് സാമ്പത്തികവിദഗ്ധർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 തവണ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 2022 മെയ് മുതൽ 2023 ഫെബ്രുവരിവരെയുള്ള കാലയളവിൽ ആറുതവണയായി റിപ്പോ നിരക്ക് 2.5 ശതമാനമാണ് വർധിപ്പിച്ചത്. നിലവിൽ 6.5 ശതമാനമാണ്.
വിലക്കയറ്റനിരക്ക് രണ്ടുമുതൽ ആറുശതമാനംവരെ എന്ന പരിധിയിൽ നിർത്തണമെന്നാണ് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒക്ടോബറിൽ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റനിരക്ക് (സിപിഐ) 6.21 ശതമാനമായിരുന്നു. 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഫലപ്രദമായ കേന്ദ്ര ഇടപെടൽ ഇല്ലാത്തതിനാൽ ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 10.87 ശതമാനമായാണ് കുതിച്ചുയർന്നത്. പച്ചക്കറി വിലക്കയറ്റനിരക്ക് 42.18 ശതമാനമായി വർധിച്ചു.
റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് നടപ്പുസാമ്പത്തികവർഷം രണ്ടാംപാദത്തിലെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദന(ജിഡിപി) വളർച്ചനിരക്ക് 5.4 ശതമാനമായി കൂപ്പുകുത്തുകയും ചെയ്തു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. രണ്ടാംപാദത്തിൽ ജിഡിപി വളർച്ച ഏഴുശതമാനമായിരിക്കുമെന്നാണ് കഴിഞ്ഞ പണനയത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നത്.