‘യാതൊരു ഇളവും അനുവദിക്കില്ല’; സര്‍ക്കാര്‍ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

news image
Jun 11, 2024, 9:25 am GMT+0000 payyolionline.in
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന, പാര്‍ട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജീവനക്കാര്‍ ചേര്‍ന്ന് പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് 2 മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. കാലതാമസം ഒഴിവാക്കുന്നതിലേക്കായി ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം വകുപ്പ് തലവന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അനുമതി നിഷേധിക്കുന്ന അവസരത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ഓഫീസ് സമയത്ത് യാതൊരു ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോഴ്‌സുകളിലും പങ്കെടുക്കുവാന്‍ പാടില്ല. മുന്‍കൂര്‍ അനുമതി കൂടാതെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാം. അടിയന്തിര പ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനായി ഈ ജീവനക്കാര്‍ ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ സേവനം ലഭ്യമാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പഠന കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ നിര്‍ദ്ദേശം ലംഘിക്കുന്ന പക്ഷം സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദ് ചെയ്തതായി കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന ജീവനക്കാര്‍ക്ക് ഭരണ സൗകര്യാര്‍ഥം നടത്തുന്ന സ്ഥലം മാറ്റത്തില്‍ നിന്നും മേല്‍ കാരണത്താല്‍ സംരക്ഷണം ലഭിക്കുന്നതല്ലെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe