മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാൻ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ

news image
Jun 10, 2024, 3:22 pm GMT+0000 payyolionline.in

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ എൻ.ഡി.പി.എസ് കേസുകൾ ഉൾപ്പെടെ 240 കേസുകളും 15 ന് അതിഥി തൊഴിലാളികളുടെ കാമ്പുകളിൽ നടത്തിയ പരിശോധനയിൽ ആകെ 707 കേസുകളും രജിസ്റ്റർ ചെയ്തു.

അബ്കാരി-എൻ.ഡി.പി.എസ് കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18 ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഒമ്പത് പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതൽ 31 വരെ അന്തർസംസ്ഥാന ട്രെയിനും അന്തർ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ചു റെയിൽവേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയിൽ 240 ട്രയിനുകളും 1370 അന്തർസംസ്ഥാന ബസുകളും പരിശോധിച്ചു.

115 സി.ഒ.ടി.പി.എ കേസുകളും ഒരു എൻ.ഡി.പി.എസ് കേസും കണ്ടെത്തി. 5.5 കിലോ കഞ്ചാവും 5 കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടി. എക്സൈസ് കമീഷണർ മഹിപാൽ യാദവിന്റെ നിർദേശപ്രകാരം രണ്ടായിരത്തോളം എക്സൈസ് ജീവനക്കാർ പങ്കാളികളായി. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത പരിശോധനകൾ സംഘടിപ്പിക്കുമെന്ന് അഡീഷണൽ എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe