മണിപ്പൂർ സംഘർഷം; ഇന്‍റർനെറ്റ് നിരോധനം ഒക്ടോബർ ആറ് വരെ നീട്ടി

news image
Oct 2, 2023, 2:45 am GMT+0000 payyolionline.in

ഇംഫാൽ: മണിപ്പൂരിൽ തുടരുന്ന ഇന്‍റർനെറ്റ് നിരോധനം സർക്കാർ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഒക്ടോബർ ആറ് വരെയാണ് സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നത്. സെപ്റ്റംബർ 26നാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയത്. രണ്ട് മെയ്തേയ് വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്.

വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വിഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക വിരുദ്ധർ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കും. തെറ്റായ വിവരങ്ങളും, കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടഞ്ഞ് പൊതുതാൽപ്പര്യത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ് -സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

അറസ്റ്റിലായ പ്രതികളെയും തടവിലാക്കിയ പ്രായപൂർത്തിയാകാത്ത കുട്ടികളെയും കൂടുതൽ അന്വേഷണത്തിനായി അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. സംസ്ഥാനത്ത് വംശീയ കലാപം രൂക്ഷമായ സമയത്ത് ജൂലൈ ആറിന് രണ്ട് വിദ്യാർഥികളെ കാണാതായിരുന്നു. നാല് മാസത്തെ വംശീയ കലാപത്തിന് ശേഷം സെപ്റ്റംബർ അവസാന വാരത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.

ജൂലൈയിൽ കാണാതായ മെയ്തേയ് വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പ്രതികളെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. ഒക്ടോബർ ആറിന് വൈകിട്ട് 7.45 വരെയാണ് നിരോധനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe