പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു; അടുത്തയാഴ്ച പ്രഖ്യാപനം

news image
Dec 6, 2024, 1:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എൽ.എ നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായി റിപ്പോർട്ട്. തൃണമൂല്‍ നേതാക്കളുമായി ഡൽഹിയിൽ വച്ച് അൻവർ കൂടിക്കാഴ്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും. നിലവിൽ തുടർ ചർച്ചകൾക്കായി അൻവർ ഡൽഹിയിൽ തുടരുകയാണ്.

നിലമ്പൂരിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയായ പി.വി. അൻവർ സി.പി.എമ്മുമായി ഇടഞ്ഞാണ് എൽ.ഡി.എഫിൽ നിന്ന് പുറത്തുവന്നത്. തുടർന്ന് എം.കെ സ്റ്റാലിന്‍റെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡി.എം.കെ) ചേർന്നു പ്രവർത്തിക്കാനായി ചർച്ച നടത്തിയെങ്കിലും നീക്കം ഫലവത്തായില്ല. തമിഴ്നാട്ടിൽ സി.പി.എം ഡി.എം.കെ മുന്നണിയുടെ ഭാഗമായത് അൻവറിന് തിരിച്ചടിയായി.

ഇതിന് പിന്നാലെ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള (ഡി.എം.കെ) എന്ന കൂട്ടായ്മക്ക് രൂപം നൽകി അൻവർ രംഗത്തെത്തി. മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ കൂട്ടായ്മയുടെ നിലപാടും ലക്ഷ്യവും അൻവർ പ്രഖ്യാപിച്ചു.

തുടർന്ന് സംസ്ഥാനത്ത് നടന്ന ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചു. പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണക്കുകയും ചെയ്തു.

യു.ഡി.എഫുമായി വിലപേശൽ നടത്താൻ ശ്രമിച്ച അൻവറിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളുകയായിരുന്നു. തുടർന്ന്, പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ച അൻവറിന്‍റെ പിന്തുണയോടെ ചേലക്കരയിൽ കെ.പി.സി.സി മുൻ സെക്രട്ടറി എൻ.കെ സുധീർ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചു. തെരഞ്ഞെടുപ്പിൽ നാലായിരത്തോളം വോട്ടുകൾ സുധീർ പിടിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe