‘ഞാൻ ആത്മഹത്യ ചെയ്യുന്നു, ഇൻക്വസ്റ്റിന് തയ്യാറായിക്കോളൂ’: പൊലീസുകാരന്റെ ആത്മഹത്യ കൂട്ടുകാരനെ അറിയിച്ച ശേഷം

news image
Jun 14, 2024, 4:05 pm GMT+0000 payyolionline.in

ആലപ്പുഴ: ഇടുക്കി വണ്ടൻമേട്ടിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനെ വിവരമറിയിച്ച ശേഷം. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായി കൊള്ളാനും ഫോണിൽ അറിയിച്ച ശേഷമാണ്  ആലപ്പുഴ സ്വദേശിയായ സിപിഒ എ ജി രതീഷ് (40) ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്.  കുമളിയിലെ സ്വകാര്യ ഹോട്ടലിലാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയോടൊപ്പം കുമളിയിൽ വാടക വീട്ടിലായിരുന്നു താമസം. ഇവർക്ക് കുട്ടികളില്ല. ഇതിനുള്ള ചികിത്സക്കും മറ്റുമായി കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു. ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കുമെന്നായിരുന്നു അറിയിച്ചത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല.

വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഫോൺ ഓണാകുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുകയും ചെയ്തു. ഉടൻ തന്നെ കുമളി പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ടവർ ലൊക്കോഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ആദ്യ ഘട്ടത്തിൽ കുമളി മേഖലയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതായാണ് ലൊക്കേഷൻ ലഭിച്ചത്. വൈകുന്നേരത്തോടെ കുമളി ടൗണിൽ ഉള്ളതായി ലൊക്കേഷൻ ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe