കെ. സുധാകരന്‍റെ അസഭ്യപ്രയോഗം: രാജിഭീഷണി മുഴക്കി വി.ഡി. സതീശൻ; ഇരുവരെയും അനുനയിപ്പിച്ച് വേണുഗോപാൽ

news image
Feb 25, 2024, 1:28 am GMT+0000 payyolionline.in

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ എത്താൻ വൈകിയതിൽ ക്ഷുഭിതനായി അസഭ്യം പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇതറിഞ്ഞ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് ഭീഷണി മുഴക്കി വി.ഡി. സതീശൻ. ഇരുവരെയും പറഞ്ഞ് സമാധാനിപ്പിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്തസമ്മേളനമാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. രാവിലെ 10നാണ് ഇരു നേതാക്കളുടെയും സംയുക്ത വാർത്തസമ്മേളനം വിളിച്ചിരുന്നത്. 10.20ന് കെ. സുധാകരൻ എത്തി 11 മണിയായിട്ടും സതീശനെ കാണാതിരുന്നപ്പോൾ, എവിടെപ്പോയെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു പ്രസാദിനോട് അന്വേഷിച്ചു.

ചെസ് മത്സരം ഉദ്ഘാടനത്തിന് പോയതാണെന്ന മറുപടികേട്ട സുധാകരൻ, തെറിവാക്ക് പറഞ്ഞുകൊണ്ട് ഇയാളിതെന്തുപണിയാ കാട്ടുന്നതെന്നും പത്രക്കാരെ വിളിച്ചിരുത്തിയിട്ട് മോശമായിപ്പോയെന്നും രോഷത്തോടെ പ്രതികരിച്ചു. ഇതുകണ്ട ബാബു പ്രസാദും ഷാനിമോൾ ഉസ്മാനും മൈക്ക് ഓണാണെന്ന് പറഞ്ഞ് സുധാകരന്‍റെ വായടക്കി. 11.10ഓടെയാണ് സതീശൻ എത്തിയത്. അതിനു മുമ്പുതന്നെ സുധാകരൻ വാർത്തസമ്മേളനം തുടങ്ങി.

അതിനുശേഷം നടന്ന വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയസംവാദത്തിൽ പങ്കെടുക്കാതെ സുധാകരൻ പോവുകയും ചെയ്തിരുന്നു. അപ്പോഴേക്കും സുധാകരന്‍റെ അസഭ്യ പ്രയോഗം വിവാദമായിക്കഴിഞ്ഞിരുന്നു. ഇതറിഞ്ഞ സതീശൻ ക്ഷുഭിതനായി. 12 മണിയോടെ ആശയസംവാദ വേദിയിൽ മടങ്ങിയെത്തിയ സുധാകരനോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല.

സംവാദശേഷം സതീശനൊപ്പം അദ്ദേഹത്തിന്‍റെ കാറിലാണ് സുധാകരൻ പോയത്. പിന്നീട് കെ.സി. വേണുഗോപാലിനെ സന്ദർശിച്ചാണ് സതീശൻ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും പ്രതിപക്ഷ നേതൃപദവി ഒഴിയാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തത്. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ച വേണുഗോപാൽ, മാധ്യമങ്ങളെക്കണ്ട് വിശദീകരണം നൽകാൻ സുധാകരനോട് നിർദേശിച്ചത്രേ.

മാധ്യമങ്ങളെക്കണ്ട സുധാകരൻ താനും സതീശനുമായി ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചതെന്നും കുറ്റപ്പെടുത്തി. പിന്നീട് മാധ്യമങ്ങളെ കണ്ട സതീശൻ, തങ്ങൾ ജ്യേഷ്ഠാനുജന്മാരെപ്പോലെയാണെന്നും ഇയാള് എവിടെപ്പോയി കിടക്കുകയാണെന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം സുധാകരനുണ്ടെന്നും പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe