ലഹരി വില്പനയും ഉപയോഗവും നിരോധിച്ച് ജനകീയ കൂട്ടായ്മ രംഗത്ത്; കൂരാച്ചുണ്ടിൽ ബഹുജന കൺവെൻഷൻ

news image
Oct 16, 2023, 5:20 pm GMT+0000 payyolionline.in

കൂരാച്ചുണ്ട്: കുട്ടികളെയും മുതിർന്നവരെയും വഴി തെറ്റിക്കാൻ ലഹരി ലോബിക്ക് ഇനി കൂരാച്ചുണ്ടിലേക്ക് പ്രവേശനമില്ല. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് സെൻറ് തോമസ് പാരീഷ് ഹാളിൽ നടത്തിയ ബഹുജന കൺവെൻഷൻ കൈകൊണ്ട തീരുമാനമാണിത്. പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന മയക്കുമരുന്ന്, ലഹരി വ്യാപാരത്തിനെതിരെ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ സമരകാഹളം പരിപാടിയാണ് സംഘടിപ്പിച്ചത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിലുള്ള പ്രമുഖരും നിയമപാലകരും നൂറ് കണക്കിന് ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. എ.സി രാമകൃഷണൻ അധ്യക്ഷത വഹിച്ചു.

സെൻ്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെൻ്റ് കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.വൈ .എസ്.പി വി.വി ബെന്നി മുഖ്യാതിഥിയായിരുന്നു. കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസീന യൂസഫ്, ജലീൽ കുന്നുംപുറത്ത്, ബാലകൃഷണൻ കുറ്റ്യാപ്പുറത്ത്, ജോബി വാളിയാംപ്ലാക്കൽ, എൻ.കെ കുഞ്ഞമ്മദ്, വി.കെ.അസീസ് എന്നിവർ പ്രസംഗിച്ചു. ഒ.ഗോപി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് സമാപനം കുറിച്ച് പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മാജിക് ഷോ അവതരിപ്പിച്ചു. ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതി തുടർച്ചയായി പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. സ്കൂളുകൾ, കോളനികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ കാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കുകയും വാർഡു തലത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്താനുമാണു തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe