കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, വ്യോമസേനയുടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

news image
Jun 14, 2024, 3:37 am GMT+0000 payyolionline.in

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.

അതേസമയം, കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.  കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.

തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുലർച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടിൽ കുതിച്ചെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയർ റെസ്ക്യൂ വിഭാഗം അറിയിച്ചു. അപകട സ്ഥലത്തെത്തി പത്തു മിനിറ്റ് കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. എന്നിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 45 പേരെയും ജീവനറ്റ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റിരുന്ന നാല് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരണപ്പെടുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe