ആർബിഐ പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാറ്റമില്ല

news image
Dec 6, 2024, 6:54 am GMT+0000 payyolionline.in

ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ 2024–25 സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെയാണ് ആർബിഐ പുതിയ പണനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

അടിസ്ഥാന പലിശനിരക്ക് (റിപ്പോ) കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും രാജ്യത്ത് ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റത്തോത് ഉയർന്നുനിൽക്കുകയാണ്‌. അതിനാൽ റിസർവ് ബാങ്ക് ഇത്തവണയും റിപ്പോ നിരക്ക്‌ കുറയ്ക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തികവിദ​ഗ്ധർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ 10 തവണയും നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 2022 മെയ് മുതൽ 2023 ഫെബ്രുവരിവരെയുള്ള കാലയളവിൽ ആറുതവണയായി റിപ്പോ നിരക്ക്‌ 2.5 ശതമാനമാണ് വർധിപ്പിച്ചത്. ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമാനത്തിൽ നിലനിർത്തി. മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്കും 6.75 ശതമാനത്തിൽ തുടരും.

വിലക്കയറ്റനിരക്ക് രണ്ടുമുതൽ ആറുശതമാനംവരെ എന്ന പരിധിയിൽ നിർത്തണമെന്നാണ് റിസ‍ർവ് ബാങ്ക് ആഗ്രഹിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒക്ടോബറിൽ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റനിരക്ക് (സിപിഐ) 6.21 ശതമാനമായിരുന്നു.14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടൊപ്പം എണ്ണ വില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉൾപ്പടെയുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വളർച്ചാ സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് നിരക്ക് മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത്.

കേന്ദ്രസർക്കാർ കാലാവധി നീട്ടിനൽകിയില്ലെങ്കിൽ ശക്തികാന്ത ദാസ് അവതരിപ്പിക്കുന്ന അവസാനത്തെ പണനയമാകും ഇത്. ഇദ്ദേഹത്തിന്റെ പ്രവർത്തന കാലാവധി 10ന്‌ അവസാനിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe